മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഓപ്പണിങ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാനും കളിക്കാത്തതിനെതിരെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.
ട്വന്റി-20 പരമ്പരയ്ക്ക് ശേഷം മെല്‍ബണില്‍ കുടുംബത്തോടൊപ്പം വിശ്രമം ആസ്വദിക്കുകയാണ് ശിഖര്‍ ധവാന്‍. ധോണിയാകട്ടെ നവംബര്‍ ഒന്നു മുതല്‍ ക്രിക്കറ്റ് കളിച്ചിട്ടു തന്നെയില്ല. നിങ്ങളെന്തു കൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നില്ലെന്ന് ധോണിയോടും ധവാനോടുമല്ല ചോദിക്കേണ്ടത്. എന്തുകൊണ്ട് അവരെ അതിന് അനുവദിക്കുന്നു എന്ന് ബിസിസിഐയോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
മാച്ചുകള്‍ ജയിക്കണമെങ്കില്‍ താരങ്ങള്‍ക്ക് നല്ല ഫോം ആവശ്യമാണ്. അതിനായി അവര്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കണം. രണ്ടു പേരും നടന്നു കൊണ്ടിരിക്കുന്ന രഞ്ജി കളിക്കണമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു, പ്രത്യേകിച്ചും ധോണി. പ്രായം കൂടുകയും കളിക്കുന്നത് കുറയുകയും ചെയ്താല്‍ റിഫ്ളക്സും പതിയെ കുറയും. ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍ ദീര്‍ഘ ഇന്നിങ്സുകള്‍ കളിക്കാനാകും. അതൊരു നല്ല പ്രാക്ടീസായിരിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.