ലോകത്തില്‍ ആദ്യമായി നിയമപരമായി അംഗീകാരം നേടിയ ശേഷം നടന്ന സ്വവര്‍ഗ വിവാഹത്തിന് ഇരുപത് വര്‍ഷം പൂര്‍ത്തിയായി. നെതര്‍ലാന്‍ഡ് സ്വദേശികളായ ഗെര്‍റ്റ് കാസ്റ്റീലും ഡോള്‍ഫ് പാസ്കറും വിവാഹിതരായതോടെ ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നു. അഞ്ച് സ്വവര്‍ഗ പങ്കാളികളായിരുന്നു ആംസ്റ്റര്‍ഡാമില്‍ ഏപ്രില്‍ ഒന്നിന് അര്‍ധരാത്രിക്ക് ശേഷം വിവാഹിതരായത്.
കൊവിഡ് മഹാമാരി വ്യാപകമായ പശ്ചാത്തലത്തില്‍ വളരെ ചെറിയ ആഘോഷങ്ങളോടെയാണ് ഇരുപതാം വിവാഹ വാര്‍ഷികം ഇവര്‍ ആഘോഷിച്ചത്. ഇവരോടൊപ്പം വിവാഹിതരായ മറ്റൊരു ഗേ പങ്കാളികളില്‍ ഒരാള്‍ 2011ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മൂന്ന് ഗേ പങ്കാളികളും ഒരു ലെസ്ബിയന്‍ പങ്കാളികളുമാണ് 2001ല്‍ നിയമാനുസൃതമായി വിവാഹിതരായത്. വിവാഹ സമയത്ത് ഇത്തരം വിവാഹങ്ങള്‍ക്ക് അനുവാദം നല്‍കുന്ന ആദ്യത്തേതും അവസാനത്തേതും രാജ്യമാകും നെതര്‍ലാന്‍ഡ് എന്നാണ് നിരവധി ആളുകള്‍ പറഞ്ഞതെന്ന് ഗെര്‍റ്റ് കാസ്റ്റീലും ഡോള്‍ഫ് പാസ്കറും ഓര്‍മ്മിക്കുന്നു.
ലോകം നിങ്ങളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ നിരവധിപ്പേരുണ്ടായിരുന്നു. എന്നാല്‍ 30 ഓളം രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തില്‍ നെതര്‍ലാന്‍ഡിന്‍റെ മാതൃക പിന്തുടര്‍ന്നു. 2001ന് ശേഷം ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്ക, ഓസ്ട്രേലിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കി.