ഗാസ: ഗാസയ്ക്ക് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം. ജനവാസമേഖലയിലെ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ കൗമാരക്കാരായ 2 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിര്‍ത്തി പ്രദേശങ്ങളില്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ പതിവ് വെള്ളിയാഴ്ച പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. കുത്തോയ്ബാ സ്‌ക്വയറിലെ കെട്ടിടങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് കൗമാരക്കാരായ ആമിര്‍ അല്‍ നിമ്രിയും ലെയ് കഖീലുമാണ് കൊല്ലപ്പെട്ടത്. ഇതോടെ മാര്‍ച്ച് 30 മുതല്‍ നടക്കുന്ന ഗ്രേറ്റ് മാര്‍ച്ചുകള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും നേര്‍ക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 138 ആയി.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആരാധനാലയങ്ങള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ അധിനിവേശത്തില്‍ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ എല്ലാ വെള്ളിയാഴ്ചളിലും പലസ്തീനികള്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തിയാര്‍ജിച്ച് വരുന്ന പലസ്തീന്‍ പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനെതിരെ തങ്ങള്‍ തിരിച്ചടിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് സംഭവത്തിന് ശേഷം ഇസ്രായേല്‍ സൈനിക വൃത്തം പ്രതികരിച്ചത്.