ഗസ്സയില്‍ വെടിനിര്‍ത്തല്‍ തുടരുന്നു; 12 ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു

ഗസ്സ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ തുടരുന്നു, 12 ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു. 30 പലസ്തീനികളെ ഇസ്രയേല്‍ മോചിപ്പിച്ചു. ആദ്യമുണ്ടാക്കിയ നാലുദിന വെടിനിര്‍ത്തല്‍ തിങ്കളാഴ്ച അവസാനിച്ചിരുന്നു. വെടിനിര്‍ത്തല്‍ വീണ്ടും നീട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഊര്‍ജിതമാണ്. പത്തുവീതം ബന്ദികളെക്കൂടി മോചിപ്പിക്കാമെന്ന ഹമാസിന്റെ ഉറപ്പിലാണ് ഇന്നലെയും ഇന്നുമായ് വെടിനിര്‍ത്തല്‍ നീട്ടിയത്.

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് മേധാവി ഡേവിഡ് ബാര്‍നിയയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ തലവന്‍ വില്യം ബേണ്‍സും ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി. ഖത്തര്‍ അമീറുമായും പ്രധാനമന്ത്രിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും.

ഹമാസ് ബന്ദികളാക്കിയ വനിതകളെയും അമ്മമാരെയും കുട്ടികളെയുമാണ് ഇതുവരെ മോചിപ്പിച്ചത്. വയോധികര്‍, വനിതാ സൈനികര്‍, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാര്‍ തുടങ്ങിയവരെ അടുത്തഘട്ടത്തില്‍ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Top