ഗസ സംഘര്‍ഷം; കൊയ്‌റോയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കെയ്‌റോ: ജോര്‍ദാന്‍ രാജാവും പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റുമായി കെയ്‌റോയില്‍ കൂടിക്കാഴ്ച നടത്തി ഈജിപ്ത് പ്രസിഡന്റ്. കിഴക്കന്‍ ഏഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ശക്തിപ്പടുത്താനും ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.

ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് എല്‍-സിസ്സി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രത്തിന് പലസ്തീന്‍ ജനതക്ക് അവകാശമുണ്ടെന്ന് മൂന്ന് നേതാക്കളും പറഞ്ഞു.

എന്നാല്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള പദ്ധതിയോട് ഇസ്രയേല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ മികച്ച മാറ്റമുണ്ടാക്കാന്‍ ചര്‍ച്ചക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. വര്‍ഷങ്ങളായി ഇസ്രയേല്‍- പലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഈജിപ്ത്.

മെയില്‍ നടന്ന ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന് ശേഷം അധികാരത്തിലേറിയ അറബ് പാര്‍ട്ടി ഉള്‍പ്പെടുന്ന ഇസ്രയേലിന്റെ പുതിയ സഖ്യ സര്‍ക്കാര്‍ കാര്യങ്ങള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ തുടരുകയാണ്.

ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 67 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടെ 260 പലസ്തീനികള്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. 80 സേനാംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. രണ്ട് കുട്ടികളും ഒരു സൈനികനും ഉള്‍പ്പെടെ 12 പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്.

 

Top