ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്റെ താക്കീത്

ഇസ്രായേല്‍: ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്റെ താക്കീത്. തുടര്‍ച്ചയായ അതിക്രമങ്ങളും കൈയ്യേറ്റങ്ങളും മേഖലയില്‍ കുഴപ്പം സൃഷ്ടിക്കുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുണ്ടാകണമെന്ന് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ പിന്തുണ തേടി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഖത്തറില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ശക്തമായ വ്യോമാക്രമണവും വെടിവെപ്പുമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. ഹമാസിനുനേരെ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു പാരാമെഡിക് വോളന്റിയര്‍ ഉള്‍പ്പെടെ 2 പലസ്തീനികള്‍ കൊല്ലപ്പെടുകയും, 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്തെത്തിയത്.

Top