ഒക്ടോബര്‍ ഏഴാം തിയതിയിലെ ഇസ്രയേല്‍ അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണം പശ്ചിമേഷ്യയിലെ സാമൂഹിക രാഷ്ട്രീയാവസ്ഥ തകിടം മറിച്ചു. ഏതാണ്ട് 200 നും 400 നും ഇടയില്‍ പേരെ ഹമാസ് ബന്ദികളാക്കിയെന്നും ഇവരെ മോചിപ്പിക്കുമെ വരെ യുദ്ധം തുടരുമെന്നുമാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അതിനായി ടാങ്കുകള്‍ ഉപയോഗിച്ചുള്ള കരയുദ്ധത്തിലാണ് ഇസ്രയേല്‍. എന്നാല്‍, ഗാസയില്‍ ഇസ്രയേലിനെ വെള്ളം കുടിപ്പിക്കുക ഗാസയിലെ തുരങ്ക ശൃംഖലകളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ പുകള്‍പെറ്റ ചാരശൃംഖലയായ മൊസാദിന് പോലും ഹമാസിന്റെ തുരങ്ക ശൃംഖലയെ കുറിച്ച് ധാരണയില്ല. അതിശക്തമായ ബോംബാക്രമണത്തില്‍ ഗാസ നഗരം നിശേഷം തകര്‍ന്നടിഞ്ഞിട്ടും ഹമാസിന് പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നു.
2005-ല്‍ ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ സൈനിക-സിവിലിയന്‍ പിന്‍വാങ്ങല്‍ നടത്തി. പിന്നാലെ ഗസയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. തൊട്ടടുത്ത വര്‍ഷം ഹമാസ് ഗാസയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി. ഇതോടെ ‘തുരങ്കങ്ങളുടെ സ്വഭാവം മാറാന്‍ തുടങ്ങി’ എന്ന് ഇസ്രായേലിലെ റീച്ച്മാന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരനുമായ ഡാഫ്നെ റിച്ചമണ്ട്-ബരാക് പറയുന്നു. ഹമാസ് ഭൂഗര്‍ഭ യുദ്ധത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഹമാസ് ഗാസയുടെ അധികാരമേറ്റെടുത്തതിന് പിന്നാലെ, ഗാസ നഗരത്തിന് ഏറെ താഴെയായി അസഖ്യം തുരങ്കങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. പലതും പരസ്പരം ബന്ധപ്പെടുന്നവയായിരുന്നു. ഈ തുരങ്കങ്ങള്‍ മൈലുകളോളും നീളമുള്ളവയായിമാറി. ഹമാസ് ഇത്തരം തുരങ്കങ്ങളില്‍ ആയുധ നിര്‍മ്മാണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്ത് പുറത്ത് വന്നിരുന്നു. 2006-ല്‍ ഇസ്രായേല്‍ സൈനികനായ ഗിലാദ് ഷാലിത്തിനെ തട്ടിക്കൊണ്ടുപോകാന്‍ ഹമാസ് ഉപയോഗിച്ചത് ഈ തുരങ്കങ്ങളായിരുന്നു.
ഇന്ന് ഇസ്രയേലിനെ വെള്ളം കുടിപ്പിക്കുന്ന ഗാസയിലെ തുരങ്കങ്ങള്‍ ഇന്നോ ഇന്നലെയോ ഉണ്ടാക്കിയതല്ല. 1990 -കളിലാണ് ഗാസയില്‍ തുരങ്ക നിര്‍മ്മാണം ആരംഭിക്കുന്നത്. 1982-ലെ ഈജിപ്തുമായുള്ള സമാധാന ഉടമ്പടികള്‍ ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റഫ പട്ടണത്തെ അതിര്‍ത്തി അടയ്ക്കുന്നതിന് കാരണമായി. പിന്നാലെ ഇരുഭാഗത്തുമായി റഫയിലെ വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനും ഭക്ഷണം അടക്കമുള്ള വസ്തുക്കള്‍ കൊണ്ട് വരുന്നതിനുമായി കിണര്‍ കുഴിക്കുന്നതില്‍ പരിചയമുള്ള പ്രാദേശിക ഖനിത്തൊഴിലാളികള്‍ ആദ്യമായി തുരങ്ക നിര്‍മ്മാണം ആരംഭിക്കുന്നത്. റഫയിലെ ജനങ്ങളും ആഹാര സാധനങ്ങളും കൈമാറിയിരുന്ന ആ ദൂരം കുറഞ്ഞ തുരങ്കളുടെ നീളം പതുക്കെ കൂടാനാരംഭിച്ചത് 2000 ത്തില്‍ ആരംഭിച്ച രണ്ടാം ഇന്‍തിഫാദത്തോടെയാണ്. അപ്പോഴേക്കും തുരങ്കങ്ങളിലൂടെ ആയുധങ്ങളും മറ്റ് അനധികൃത സാധനങ്ങളും സഞ്ചരിച്ച് തുടങ്ങി.