ദുബായ് : വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിടനിർമാണ രംഗം ജിസിസി രാജ്യങ്ങൾ ഊർജിതപ്പെടുത്തുന്നു.
അടിസ്ഥാന സൗകര്യ വികസന മേഖല ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
ജിസിസി മേഖലയിൽ 22,680 കെട്ടിടനിർമാണ പദ്ധതികളാണ് നിലവിൽ പുരോഗമിക്കുന്നതെന്നും ഇവയുടെ ആകെ മൂല്യം 2.43 ട്രില്യൻ ഡോളറാണെന്നും ബിസിനസ് ന്യൂസ് ഫോർ കൺസ്ട്രക്‌ഷൻ (ബിഎൻസി) റിപ്പോർട്ടിൽ പറയുന്നു.
1.21 ട്രില്യൻ മൂല്യംവരുന്ന 17,912 പദ്ധതികളാണ് ഇവയിൽ ഉൾപ്പെടുന്നത്. ഗതാഗതരംഗത്ത് 1423, വ്യവസായ മേഖലയിൽ 1289, എണ്ണ, വാതക മേഖലയിൽ 355 എന്നിങ്ങനെയാണു പദ്ധതികളുടെ എണ്ണം.
അടിസ്ഥാന സൗകര്യവികസനത്തിനുള്ള വമ്പൻ പദ്ധതികൾ, ഭവനനിർമാണ പദ്ധതികൾ, വാണിജ്യ പദ്ധതികൾ തുടങ്ങിയവയിലാണ് എണ്ണയിൽനിന്നു ലഭിച്ച വരുമാനം ഏറെയും ചെലവഴിക്കുന്നത്.
ഭാവിതലമുറയ്ക്കായി സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള നടപടിയാണിത്. ഈ വർഷം മൂന്നാം പാദത്തിൽ 269 പദ്ധതികളാണു ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചത്.
മക്കയിൽ അൽ ഫൈസലിയ സിറ്റി, ഷാർജ യൂണിവേഴ്സിറ്റിക്കു സമീപം അൽ ജാധ റസിഡൻഷ്യൽ സിറ്റി, ഒമാൻ ഇന്ത്യ മൾട്ടി പർപസ് പൈപ് ലൈൻ തുടങ്ങിയ പദ്ധതികളാണ് ഇവയിൽ പ്രധാനം.
സൗദി അറേബ്യയിൽ പ്രഖ്യാപിച്ച നിയോം സിറ്റി രാജ്യത്തിന്റെ സാമ്പത്തിക ഭൂപടം തന്നെ മാറ്റിയെഴുതുമെന്നാണു വിദഗ്ധർ സൂചിപ്പിക്കുന്നത്.