ദോഹ: അംഗരാജ്യങ്ങളുമായിട്ട് നയപരമായ സംവാദത്തിനുള്ള മികച്ച അവസരമാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) ഉച്ചകോടിയെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.
ജി.സി.സി. ഉച്ചകോടിക്ക് കാലതാമസം നേരിട്ടാല്‍ അത് ഗള്‍ഫ് രാജ്യങ്ങളുടെ മര്‍ക്കടമുഷ്ടിക്ക് കൂടുതല്‍ കാരണമാകുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി ദോഹയില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകോടി മാറ്റിവെച്ചതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ഖത്തറിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കൂട്ടായ സുരക്ഷയ്ക്ക് ജി.സി.സി. പ്രധാനമാണെന്നും, വംശീയതയും മതരാഷ്ട്രീയവത്കരണവുമാണ് ഉപരോധരാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം പരിഹരിക്കുന്നതിനും തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തിനും നിലവിലെ ഉപരോധം തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുവൈത്തിന്റെ മധ്യസ്ഥതയില്‍ സംവാദത്തിന് രാജ്യം തയ്യാറാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.