കൊച്ചി: കലൂര്‍ സ്റ്റേഡിയം ഇനിമുതല്‍ കായികേതര പരിപാടികള്‍ക്കും വിട്ടുനല്‍കാന്‍ ജിസിഡിഎ തീരുമാനമെടുത്തു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു സമ്മേളനങ്ങള്‍ക്കും അവാര്‍ഡ് നിശകള്‍ക്കും സ്റ്റേഡിയം വിട്ടുനല്‍കാനാണ് ജിസിഡിഎയുടെ തീരുമാനം. എട്ട് കോടി രൂപയാണ് ഇതിനായി പുതിയ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ആകെ 35,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിന്റെ പരിപാലനത്തിനടക്കം വര്‍ഷം മുഴുവന്‍ ഭീമമായ ചെലവാണ്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. സ്റ്റബിലൈസര്‍ സംവിധാനമുള്ള ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത് സൂര്യരശ്മികള്‍ കടന്നുപോകാനും പുല്ല് വളരാനും സഹായിക്കും. കായികേതര പരിപാടികള്‍ നടക്കുമ്പോള്‍ ഈ ടൈലുകള്‍ വിരിച്ച് ടര്‍ഫ് സംരക്ഷിക്കാന്‍ കഴിയും.
അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഉള്‍പ്പടെ വേദിയായിട്ടുള്ള കലൂര്‍ സ്റ്റേഡിയം ഇപ്പോള്‍ വര്‍ഷത്തില്‍ പകുതിയിലേറെ സമയവും സ്റ്റേഡിയം ഉപയോഗിക്കപ്പെടുന്നില്ലെന്നാണ് ജിസിഡിഎ ചൂണ്ടിക്കാട്ടുന്നത്. ഒഴിവ് സമയങ്ങളില്‍ കായികേതര പരിപാടികള്‍ക്ക് വിട്ടുനല്‍കാനാണ് ജിസിഡിഎയുടെ പദ്ധതി. ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേണ്ടി വര്‍ഷത്തില്‍ അഞ്ച് മാസം മാത്രമാണ് ഉപയോഗിക്കുന്നത്.