ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു വ്യക്തമാക്കി സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. 2016 – 2017 സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ 7.1 ശതമാനം വളർച്ച മാത്രമാണ് കൈവരിക്കാനായത്. മുൻവർഷത്തിൽ എട്ട് ശതമാനമായിരുന്നു വളർച്ചാനിരക്ക്.
സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും വളർച്ചാനിരക്ക് ഇടിഞ്ഞു. 6.1 ശതമാനമായാണ് അവസാന പാദത്തിൽ വളർച്ചാനിരക്ക് ഇടിഞ്ഞത്. ഇതിനു തൊട്ടുമുൻപിലെ പാദത്തിൽ ഏഴു ശതമാനമായിരുന്നു വളർച്ചാനിരക്ക്. ഇതാണ് 6.1 ശതമാനമായി താഴ്ന്നത്. നോട്ട് നിരോധനമാണ് വളർച്ചാനിരക്ക് താഴുന്നതിന് കാരണമായതെന്നാണ് കരുതുന്നത്.
ഇതേ ജനുവരി-മാർച്ച് കാലയളവിൽ ചൈനയുടെ വളർച്ചാനിരക്ക് 6.9 ശതമാനമായിരുന്നു. ഇതോടെ ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തിന് മങ്ങലേറ്റു.
വിനിമയത്തില്‍ ബഹുഭൂരിപക്ഷം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ സാമ്പത്തികപരമായി പിന്നോട്ടടിക്കുമെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 7.1% വളര്‍ച്ചയുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2015–16 സാമ്പത്തിക വർഷത്തിൽ ഇത് എട്ടു ശതമാനമായിരുന്നു.