ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിന്റെ നിയമത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി.
സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയ്ക്ക് ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫ. ഗീതാ ഗോപിനാഥിന്റെ നയപരമായ ഉപദേശങ്ങള്‍ കേരളത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
ഗീതാ ഗോപിനാഥിനെക്കുറിച്ച് വളരെ ഉയര്‍ന്ന മതിപ്പാണുള്ളത്. അവരെ ഒരു തവണയേ കണ്ടിട്ടുള്ളൂ. എന്നാല്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞ എന്ന നിലയില്‍ അവര്‍ക്ക് അക്കാദമിക് തലങ്ങളില്‍ മികവുറ്റ കീര്‍ത്തിയാണുള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, അവരുടെ നയപരമായ ഉപദേശം ലഭിക്കാന്‍ കഴിയുന്നത് കേരളത്തിന്റെ ഒരു ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗീതയുടെ നിയമനത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറും രംഗത്തെത്തിയിരുന്നു. നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഗീതയുടെ നിയമനത്തെ എതിര്‍ക്കേണ്ട ഒരാവശ്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഗീതയുടെ നിയമനം ചോദ്യം ചെയ്ത് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരിക്കെയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു തന്നെ മുഖ്യമന്ത്രിക്ക് പിന്തുണ ലഭിക്കുന്നത്.