കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക് രംഗത്ത്. ഇടതുപക്ഷ സര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പിന്നാലെ പോകരുത്. ഇത്തരം നയങ്ങള്‍ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമാണ്.
അത്തരത്തിലുളള നയങ്ങള്‍ പിന്തുടരുന്നവരുടെ ഉപദേശങ്ങള്‍ കൊണ്ട് കേരളീയരുടെ കാഴ്ചപ്പാട് അട്ടിമറിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയങ്ങള്‍ പിന്തുടര്‍ന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ബദലുകള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. പുത്തന്‍ സാമ്പത്തിക നയങ്ങളും വന്‍ നിക്ഷേപങ്ങളുമല്ല കേരളത്തിന് വേണ്ടത്. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തിയുളള നയങ്ങളാണ് കേരളത്തിന് ഗുണകരമാകുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയത്.ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ നിലപാട് വ്യക്തമായതിനാല്‍ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഇടതുപക്ഷത്ത് നിന്ന് തന്നെ ഉയര്‍ന്നിരുന്നു. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ 1990കളില്‍ രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങളെയും, ബിജെപിയുടെ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും പിന്തുണക്കുന്ന വ്യക്തിയാണ് ഗീത ഗോപിനാഥ്.