രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കറെ നിർദേശിച്ച് ഗെഹ്‌ലോട്ട്

ന്യൂഡൽഹി: നിയമസഭാ സ്പീക്കറായ സി.പി ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്. കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഗെഹ്‌ലോട്ട് ചർച്ച നടത്തിയിരുന്നു. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കമാൻഡിന് മുന്നിൽ പുതിയ ഡിമാൻഡ് വെച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിനായി ഫെബ്രുവരി അവസാനംവരെ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. പാർട്ടിയിൽ ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനാണ് സി.പി ജോഷി. 2020 ജൂണിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത നീക്കം നടന്നപ്പോൾ സർക്കാറിനെ താങ്ങിനിർത്താൻ ഗെഹ്‌ലോട്ടിനെ സഹായിച്ചത് സി.പി ജോഷിയുടെ പിന്തുണയായിരുന്നു. സച്ചിൻ പൈലറ്റ് അടക്കം 19 എംഎൽഎമാർക്ക് അയോഗ്യതാ നോട്ടീസ് നൽകിയാണ് ജോഷി അന്ന് വിമതനീക്കം തടഞ്ഞത്.

ഉദയ്പൂർ ചിന്തൻ ശിബിരത്തിന്റെ തീരുമാനപ്രകാരം ഒരാൾക്ക് ഒരു പദവിയെന്ന നിയമം ഗെഹ്‌ലോട്ട് അംഗീകരിച്ചതായാണ് റിപ്പോർട്ട്. പക്ഷേ, സച്ചിൻ പൈലറ്റ് ഒരു കാരണവശാലും മുഖ്യമന്ത്രിയാകരുതെന്നാണ് ഗെഹ്‌ലോട്ടിന്റെ ആവശ്യം. ഇതിനാണ് അദ്ദേഹം തന്റെ വിശ്വസ്തനായ സി.പി ജോഷിയുടെ പേര് നിർദേശിച്ചത്.

രാജസ്ഥാനിലെ കൻവരിയ ജില്ലയിൽ ജനിച്ച സി.പി ജോഷിക്ക് നിയമത്തിൽ ബിരുദവും സൈക്കോളജിയിൽ പിഎച്ച്ഡിയുമുണ്ട്. കോളജ് അധ്യാപകനായിരുന്ന ജോഷിയെ മുൻ മുഖ്യമന്ത്രിയായ മോഹൻലാൽ സുഖാദിയയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1980ൽ 29-ാം വയസ്സിലാണ് സി.പി ജോഷി ആദ്യമായി എംഎൽഎ ആയത്. 2008ൽ അദ്ദേഹം രാജസ്ഥാൻ പിസിസി അധ്യക്ഷനായി. രണ്ടാം യുപിഎ മന്ത്രിസഭയിലും അംഗമായിട്ടുണ്ട്.

Top