കണ്ണൂര്‍: ജെമിനി ജംബോ സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കര്‍(99) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ അടക്കം അഞ്ച് സര്‍ക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു ഇദ്ദേഹം.
1951ലാണ് ശങ്കര്‍ ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്. തലശ്ശേരിയിലെ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13നാണ് ജനനം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശങ്കരന്‍ സര്‍ക്കസില്‍ ആകൃഷ്ടനാകുന്നത്. അഭ്യാസി ആകണമെന്നായിരുന്നു ചെറുപ്പത്തിലേ ഉളള മോഹം. അതിനായി ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ വയര്‍ലെസ് വിഭാഗത്തില്‍ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട് ശങ്കരന്‍. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സര്‍ക്കസിന്റെ ലോകത്തിലേക്ക് സജീവമാവുകയായിരുന്നു. തുടര്‍ന്ന് ശങ്കരനും സഹപ്രവര്‍ത്തകന്‍ സഹദേവനും കൂടി തമിഴ്‌നാട്ടിലെ വിജയ സര്‍ക്കസ് വാങ്ങുകയും പിന്നീടത് വിപുലപ്പെടുത്തി ജെമിനി എന്ന പേരില്‍ സര്‍ക്കസ് കമ്പനി തുടങ്ങുകയും ചെയ്യുകയായിരുന്നു. ഗുജറാത്തില്‍ ആയിരുന്നു സര്‍ക്കസിന്റെ ഉദ്ഘാടനം. ഇതോടെ ശങ്കരന്‍ ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയായി മാറി.
ജെമിനി സര്‍ക്കസ് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും പേരെടുത്ത ഒരു കമ്പനിയാണ്. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമൊക്കെ സ്ഥിരമായി കമ്പനി സര്‍ക്കസ് നടത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിരവധി രാഷ്ട്രത്തലവന്‍മാരുമായി അടുത്ത സൗഹൃദം സ്ഥാപിക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.