ലണ്ടന്‍: ക്രിക്കറ്റില്‍ ലിംഗ സമത്വം ഉറപ്പാക്കുന്നതിന് പുത്തന്‍ നടപടിയുമായി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എം.സി.സി). ബാറ്റ്‌സ്മാന്‍ എന്ന വാക്കിന് പകരം ബാറ്റര്‍ എന്ന് ഉപയോഗിക്കാനാണ് തീരുമാനം. വനിത ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണവും ജനപ്രീതിയും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാറ്റം.
ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്സ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്ലബ്ബുമായ എംസിസിയാണ് ക്രിക്കറ്റ് സംബന്ധിച്ച നിയമങ്ങള്‍ രൂപപ്പെടുത്തുന്നത്. അടുത്തിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ‘ദി ഹണ്ട്രഡ്’ ടൂര്‍ണമെന്റില്‍ പരീക്ഷിച്ച് വിജയിച്ച ഈ ആശയം എംസിസി സ്വീകരിക്കുകയായിരുന്നു.
ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിലവില്‍ കുറച്ച് മാധ്യമങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മാത്രമാണ് ബാറ്റര്‍, ബാറ്റേഴ്സ് എന്നീ വാക്കുകള്‍ ഉപയോഗിക്കാറുള്ളത്. വനിത ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന ആളെ ബാറ്റര്‍ എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നതെങ്കിലും പുരുഷ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ എന്നാണ് ഉപയോഗിച്ചിരുന്നത്.