General Motors India rolls out first Beat for Argentina

യു എസ് നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ (ജി എം ഐ) ഹാച്ച്ബാക്കായ ‘ബീറ്റ്’ അര്‍ജന്റീനയിലേക്കും കയറ്റുമതി തുടങ്ങി. ഇതോടെ ഇന്ത്യന്‍ നിര്‍മിത ‘ബീറ്റ്’ വില്‍പ്പനയ്‌ക്കെത്തുന്ന ആറാമത്തെ പ്രമുഖ വിപണിയായി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന.

അര്‍ജന്റീനയില്‍ വില്‍പ്പനയ്ക്കുള്ള ‘ബീറ്റി’ന്റെ ആദ്യ ബാച്ച് അടുത്ത മാസം കപ്പല്‍ കയറും. ഇക്കൊല്ലം അര ലക്ഷം ‘ബീറ്റ്’ കയറ്റുമതി ചെയ്യാനാണു ജി എം ഐയുടെ പദ്ധതി; കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയെ അപേക്ഷിച്ച് ഇരട്ടിയോളമാണിത്.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ച് അര്‍ജന്റീനയിലേക്കു ‘ബീറ്റ്’ കയറ്റുമതി ആരംഭിക്കുന്നതില്‍ അഭിമാനമുണ്ടെന്നു ജി എം ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കഹെര്‍ കാസിം വ്യക്തമാക്കി.

നിലവില്‍ മഹാരാഷ്ട്രയിലെ തലേഗാവ് ശാലയില്‍ നിര്‍മിച്ച ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘ബീറ്റ്’ മെക്‌സിക്കോ, ചിലി, പെറു, മധ്യ അമേരിക്കന്‍ – കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ജി എം ഐ കയറ്റുമതി ചെയ്യുന്നുണ്ട്. 2015-16ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുന്ന കാറുകളില്‍ ആറാം സ്ഥാനത്താണു ‘ബീറ്റ്’.

മൊത്തം 37,82 ‘ബീറ്റ്’ ആണു ജി എം ഐ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി ചെയ്തത്. ഇന്ത്യയ്ക്കു പുറത്ത് ‘സ്പാര്‍ക്’ എന്ന പേരില്‍ വിപണനം ചെയ്യുന്ന ‘ബീറ്റ്’ ആഗോളതലത്തില്‍ ഏഴുപതോളം വിപണികളിലാണു വില്‍പ്പനയ്ക്കുള്ളത്. ഇതുവരെ 10 ലക്ഷത്തിലേറെ യൂണിറ്റിന്റെ വില്‍പ്പനയും കാര്‍ കൈവരിച്ചിട്ടുണ്ട്.

ഇന്ത്യയെ കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാനുള്ള ജി എമ്മിന്റെ തന്ത്രങ്ങളുടെ ഭാഗമായി 2016ല്‍ അര ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നു കാസിം വെളിപ്പെടുത്തി.

2015ല്‍ 21,000 കാറുകളായിരുന്നു കയറ്റുമതി. കയറ്റുമതി ഉയരുന്നതോടെ തലേഗാവ് ശാലയുടെ ശേഷി വിനിയോഗവും ഉയര്‍ത്താനാവുമെന്നാണു ജി എം ഐയുടെ പ്രതീക്ഷ; പ്രതിവര്‍ഷം 1.30 ലക്ഷം യൂണിറ്റാണു തലേഗാവ് ശാലയുടെ ഉല്‍പ്പാദനശേഷി. ഭാവിയില്‍ കൂടുതല്‍ വിദേശ വിപണികളില്‍ ഇന്ത്യന്‍ നിര്‍മിത കാറുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും കാസിം സൂചിപ്പിച്ചു.

Top