പൊതുപണിമുടക്ക് ഇന്നും തുടരും; വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്നും തുടരും. ഇന്ന് രാത്രി 12 വരെയാണു പണിമുടക്ക്.

സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജിയും ജനറല്‍ സെക്രട്ടറി രാജു അപ്‌സരയും അറിയിച്ചു. അതേസമയം, പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ സംസ്ഥാനത്ത് അങ്ങിങ്ങ് അക്രമമുണ്ടായി.

ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. തൊഴില്‍ കോഡ് റദ്ദാക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Top