തിരുവനന്തപുരം: ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്, പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ശ്രേഷ്ഠപദവി നല്‍കിയ കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
‘ഭൂമിയില്‍ ഇനിയും അവതരിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാന്‍ തീരുമാനിച്ച നരേന്ദ്രമോദിയോടുപമിക്കാന്‍ ചരിത്രത്തില്‍ ഒരു ഭരണാധികാരിയേ ഉള്ളൂവെന്നും സ്വപ്നത്തില്‍ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തില്‍ നിന്നു രക്ഷപെടാന്‍ മൃഗശാലയിലേയ്ക്കു പാഞ്ഞെത്തി കൂട്ടില്‍ കിടന്ന സിംഹങ്ങളെ വെടിവെച്ചു കൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനോടാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാജ്യത്ത് ആറു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളും മൂന്നെണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. ജെ എന്‍ യു ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിവാക്കി കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി)ബംഗളൂരു, ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, നവി മുംബൈയില്‍ തുടങ്ങാനിരിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് മാനവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്.