കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സീറോ മലബാര്‍ സഭ. ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരാണ് കേസിന് പിന്നിലെന്നും സഭാ വക്താവ് അറിയിച്ചു.
ഹര്‍ജി തള്ളിയതോടെ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടേണ്ടി വരും.
അതിരൂപതയുടെ കടം വീട്ടാന്‍ ഭാരത് മാതാ കോളേജിന് സമീപത്തെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് വില്‍പ്പനയെന്നും നിരീക്ഷിച്ചായിരുന്നു നേരത്തെ തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി കേസ് എടുത്ത് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടത്.
പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ഈ ഉത്തരവ് നിയമപരമല്ലെന്നും പുനപരിശോധിക്കണമെന്നുമാവശ്യപ്പെട്ടാണ് കര്‍ദ്ദിനാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ കര്‍ദ്ദിനാളിന്റെ വാദം കോടതി അംഗീകരിച്ചില്ല.