വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസിന്റെ വംശവെറിക്കെതിരെ വിവിധ നഗരങ്ങളില്‍ നാലാം ദിനവും പ്രതിഷേധങ്ങള്‍ ആളിപടരുന്നു. അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ടാണ് നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. അറ്റ്‌ലാന്റ, കെന്റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളിലാണ് ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്.
അറ്റ്‌ലാന്റയില്‍ സിഎന്‍എന്‍ ചാനലിന്റെ ഓഫീസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു.
അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്‍ജ് ഫ്‌ലോയിഡ് എന്ന കുറത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്‌ലോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല.
നിരായുധനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തിയത്. മിനിയാപൊളിസിലെ തെരുവുകള്‍ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്ധമായി. പ്രതിഷേധക്കാര്‍ നിരവധി സ്ഥാപനങ്ങളാണ് തീവച്ച് നശിപ്പിച്ചത്.