ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകം; യുഎസ് കത്തുന്നു; 26 നഗരങ്ങളില്‍ കര്‍ഫ്യൂ

വാഷിങ്ടന്‍: അമേരിക്കയില്‍ പൊലീസിന്റെ വംശവെറിക്കെതിരെ ആളിക്കത്തുന്ന കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നു. അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധമാണ് അക്രമാസക്തമാകുന്നത്.

16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളില്‍ അതാത് ഭരണകൂടങ്ങള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് സമരക്കാര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാള്‍ മരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പൊലീസുദ്യോഗസ്ഥനും ഇവിടെ പരിക്കേറ്റു. ലോസ് ഏഞ്ചലസ് അടക്കമുള്ള നിരവധി ഇടങ്ങളില്‍ നിരോധനാജ്ഞയും നിലവിലുണ്ട്. പ്രതിഷേധക്കാരെ നേരിടാന്‍ മിലിറ്ററി പൊലീസും രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

ജോര്‍ജ് ഫ്‌ലോയ്ഡിനെ കൊന്ന പൊലീസുകാരന്‍ ഡെറക് ചോവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിഷേധം അടങ്ങുന്നില്ല.’എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ജോര്‍ജ് ഫ്‌ലോയ്ഡിന്റെ അവസാനവാക്കുകള്‍ ചൊല്ലിയാണു പ്രതിഷേക്കാര്‍ തെരുവിലിറങ്ങുന്നത്.

നാലാം ദിനവും മിനിയപലിസ് കത്തുകയാണ്. പ്രതിഷേധക്കാര്‍ വാഹനങ്ങളും പൊലീസ് സ്റ്റേഷനും ബാങ്കുകളും അടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ക്കു തീവച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും റബര്‍ ബുളളറ്റുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തു. നാഷനല്‍ ഗാര്‍ഡുകളെക്കൂടി വിന്യസിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണ്.

അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്‍ജ് ഫ്ലോയിഡ് എന്ന കുറത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടിരുന്നില്ല.

Top