ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ക്കാണ് പുരസ്‌കാരം. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കും, യുവപുരസ്‌കാരം മോബിന്‍ മോഹനും ലഭിച്ചു. ‘അവര്‍ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയ്ക്കാണ് പാലേരിക്ക് പുരസ്‌കാരം. ‘ജക്കരാന്ത’ എന്ന നോവലാണ് മോബിന്‍ മോഹനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ് ഓണക്കൂര്‍ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, 2006ല്‍ തകഴി അവാര്‍ഡ്, 2009ല്‍ കേശവദേവ് സാഹിത്യ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
അകലെ ആകാശം, ഇല്ലം, ഉള്‍ക്കടല്‍, ഉഴവുചാലുകള്‍, എഴുതാപ്പുറങ്ങള്‍, കല്‍ത്താമാര, കാമന, സമതലങ്ങല്‍ക്കപ്പുറം, ഹൃദയത്തില്‍ ഒരു വാള്‍(നോവല്‍), നായക സങ്കല്പം മലയാളനോവലില്‍(ഗവേഷണം), ഞാന്‍ ഒരു കൈയൊപ്പ് മാത്രം, നാട് നീങ്ങുന്ന നേരം, നാലു പൂച്ചക്കുട്ടികള്‍, പ്രണയകഥകള്‍(ചെറുകഥ), അടരുന്ന ആകാശം, എന്റെ സഞ്ചാരകഥകള്‍, ഒലിവുമരങ്ങളുടെ നാട്ടില്‍(യാത്രാവിവരണം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.