George Pullat and His Extraordinary Memory Power

ഞ്ഞൂറിലേറെ മൊബൈല്‍ നമ്പറുകള്‍ മനസ്സില്‍ ഹൃതിസ്ഥമാക്കി അത്ഭുതം സൃഷ്ടിക്കുക…മനസ്സില്‍ക്കുറിച്ചിട്ട മൊബൈല്‍ നമ്പറുകള്‍ എപ്പോള്‍ ചോദിച്ചാലും ഓര്‍ത്തെടുക്കുക…കഴിഞ്ഞ നൂറ്റാണ്ടു മുതല്‍ വരും നൂറ്റാണ്ടു വരെയുള്ള ഏതു തിയ്യതി ചോദിച്ചാലും ചുരുങ്ങിയ പത്തുസെക്കന്റിനുള്ളില്‍ ഏതു ദിവസമാണെന്നു പറയാന്‍ സാധിക്കുക…

അപൂര്‍വ്വമായ ഓര്‍മ്മശക്തി കൊണ്ട് വ്യത്യസ്ഥനായ ബഹുമുഖ പ്രതിഭയായ ജോര്‍ജ്ജ് പുല്ലാട്ട് എന്ന അറുപത്തിമൂന്നുകാരനുണ്ട് പാലായ്ക്കു സ്വന്തമായി.ജന്‍മ്മം കൊണ്ട് പാലാ പൂവരണി സ്വദേശിയാണെങ്കിലും ഇരുപത്തിരണ്ടു വര്‍ഷക്കാലമായി കൊച്ചിയിലാണിദ്ദേഹം താമസിക്കുന്നത്.ഓരോ വ്യക്തിയുടേയും താല്പ്പര്യവും ആവശ്യകതയുമാണ് ഓര്‍മ്മയുടെ ഘടകങ്ങളായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

പാലായിലെ പുല്ലാട്ട് വീട്ടിലെ ഇടനാഴികളിലൂടെ ജോര്‍ജ്ജ് നടന്നകന്നപ്പോള്‍ ഓര്‍മ്മകളുടെ ഗതിവേഗവും സഹയാത്രികനായി.പതിനഞ്ചു വര്‍ഷക്കാലം ഇന്ത്യന്‍ എയര്‍ഫോഴ്‌സിലും നാലുവര്‍ഷക്കാലം അധ്യാപകനായും ആറുമാസക്കാലം റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥനായും ഇരുപത്തിരണ്ടു വര്‍ഷക്കാലം ഇന്ത്യന്‍ കസ്റ്റംസിലും ആറുമാസക്കാലം പിടിഎല്‍ സോളാര്‍ കമ്പനിയുടെ എറണാകുളം യൂണിറ്റ് മാനേജരായും ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ എറണാകുളം മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സില്‍ ജോലിചെയ്യുന്നതിനോടൊപ്പം മോട്ടിവേഷന്‍ ക്ലാസുകളും പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ക്ലാസുകളും മാത്തമാജിക്കുകളും എടുക്കുന്ന തിരക്കിലാണ്.ഇവയ്‌ക്കെല്ലാം പുറമേ എഴുത്തിലും വരയിലും കായികരംഗത്തും പതിനൊന്നു വര്‍ഷക്കാലമായി മാജിക്കിലും സജീവമാണ്.

എഴുത്തില്‍ കഴിവു തെളിയിച്ച ഇദ്ദേഹത്തിന്റെ കഥകളും നോവലുകളും പരിഭാഷകളും വിപണിയില്‍ ലഭ്യമാണ്.ഡിസി ബുക്ക്‌സ് പുറത്തിറക്കിയ നാസി തടവറയില്‍ നിരപരാധികളായ യഹൂദ ജനതയ്ക്ക് സഹിക്കേണ്ടി വന്ന യാതനകളുടെ നേര്‍ചിത്രങ്ങളും ഉന്നത സമൂഹമെന്ന ഭ്രാന്തന്‍ ചിന്തകള്‍ക്ക് പുറകെ ഓടി കൂട്ടക്കൊലകള്‍ നടത്തിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അക്കാലയളവില്‍ കാണിച്ച ക്രൂരമായ കറുത്ത ദിനങ്ങളുടെ ചരിത്രവും വിവരക്കുന്ന ഇദ്ദേഹത്തിന്റെ ‘ഹിറ്റ്‌ലറുടെ ചെന്നായ്ക്കള്‍’ എന്ന പുസ്തകം ശ്രദ്ദേയമാണ്.ആന്‍ഫ്രാങ്കിന്റെ അവസാന നാളുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.നൂറാമത്തെ കുഞ്ഞാട്,കഥപോലെ ജീവിതം എന്നീ അനുഭവക്കുറിപ്പുകളാണ് പ്രധാന കൃതികള്‍.

ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകയായും ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ബറൂള്‍ എന്ന വിദൂരഗ്രാമത്തില്‍ ജീവിക്കുന്ന ദയാബായിയുടെ സഹോദരന്‍ കൂടിയാണിദ്ദേഹം.

ജി.എസ്.പ്രദീപുമായി അശ്വമേധം പരിപാടിയില്‍ വേദി പങ്കിടാനും ഇദ്ദേഹത്തിനു സാധിച്ചു.എറണാകുളം ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന ലാലി ആണ് ഭാര്യ.ജീവന്‍,ജ്യോതിഷ്,ജെനി,ജ്യോതിക എന്നിവര്‍ മക്കളാണ്.അസാമാന്യമായ ഓര്‍മ്മശക്തിയുടെ പേരിലുള്ള ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള ശ്രമത്തിലാണിപ്പോള്‍.

യഥാര്‍ത്ഥത്തില്‍ ജോര്‍ജ്ജ് പുല്ലാട്ട് ഒരു സര്‍വ്വ വിജ്ഞാനകോശമാണ്.ഓര്‍മ്മകള്‍ക്ക് കൂട്ടുപിടിച്ച് ജോര്‍ജ്ജ് പുല്ലാട്ട് എന്നുമുണ്ടാകും.അറുപത്തിമൂന്നാം വയസ്സിലും ഓര്‍മ്മകളെ താലോലിക്കുമ്പോള്‍ ഈ ജീവചരിത്രം പുതുതലമുറയ്ക്കു മുമ്പിലെ മാതൃകയാണ്.

Top