ജര്‍മന്‍ യുവതിയുടെ ദുരൂഹതിരോധാനം ; പോലീസ് ലുക്ക് ഔട്ട് നോട്ടീസിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു. ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിസയ്ക്കായി മത കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം ജര്‍മന്‍ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇതിന്റെ ഭാഗമായി ലിസയുടെ അമ്മയുമായി പൊലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്സ് എന്ന യുവതിയെയാണ് കാണാതായിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പ്രത്യേക സംഘം പരിശോധന നടത്തും. മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്സിനെ സംബന്ധിച്ച് മാതാവ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു

മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് എവിടെയെന്നു വിവരമില്ല.

ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാള്‍ കേരളത്തില്‍ എത്തുമ്പോള്‍ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി ലിവരം ലഭിച്ചു. എന്നാല്‍ ഇയാള്‍ മാര്‍ച്ച് 15-ന് തിരികെ പോയതായും അന്വേഷണത്തില്‍ വ്യക്തമായി.

Top