ഭീകരവാദ പ്രവര്‍ത്തനം ; അന്‍സാര്‍ ഇന്റര്‍നാഷണലിനെ നിരോധിച്ച് ജര്‍മ്മനി

ബര്‍ലിന്‍: അന്‍സാര്‍ ഇന്റര്‍നാഷണലിനെ നിരോധിച്ച് ജര്‍മ്മനി. ജര്‍മ്മനിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം നല്‍കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംഘടനയെ ജര്‍മ്മന്‍ ആഭ്യന്തര വകുപ്പ് നിരോധിച്ചത്. ഇസ്ലാമിക സംഘടനയായ അന്‍സാര്‍ ഐ.എസുമായി ചേര്‍ന്ന് ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാണെന്നാണ് കണ്ടെത്തല്‍. സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറപിടിച്ചാണ് ജര്‍മ്മനിയില്‍ അന്‍സാര്‍ പ്രവര്‍ത്തിക്കുന്നത്. ഐ.എസിനെക്കൂടാതെ, അവരുടെ മറ്റൊരു മുഖമായ നുസ്ര ഫ്രണ്ട്, പലസ്തീനിലെ ഹമാസ്, സൊമാലിയയിലെ അല്‍ ഷബാബ് എന്നിവയ്ക്കും അന്‍സാറാണ് ഫണ്ടുകള്‍ നല്‍കുന്നതെന്നാണ് കണ്ടെത്തല്‍.

ആഗോള ഭീകര സംഘടനകള്‍ക്ക് സഹായം ചെയ്യുന്നു. ഭീകരരെ രാജ്യം കടക്കാന്‍ ഒത്താശ ചെയ്യുന്നു. സാമ്പത്തിക സഹായവും ആയുധക്കടത്തിനും സഹായിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നടപടികളുടെ ഭാഗമായി അന്‍സാര്‍ ഇന്റര്‍നാഷണലിന്റെ ഓഫീസുകള്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് പൂട്ടിമുദ്രവെച്ചു. ജര്‍മ്മനിയിലെ 10 സംസ്ഥാനങ്ങളില്‍ അന്‍സാര്‍ ഇന്റര്‍നാഷണലിന് ഓഫീസുകളുണ്ട്

 

 

Top