ബെര്‍ലിന്‍: 2021-ല്‍ ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന് ആംഗല മെര്‍ക്കല്‍. മൂന്നു വര്‍ഷത്തിനു ശേഷം കാലാവധി അവസാനിച്ചാല്‍ വീണ്ടും സ്ഥാനത്തേക്കു മത്സരിക്കില്ലെന്നാണു മെര്‍ക്കല്‍ വ്യക്തമാക്കിയത്.
സെന്റര്‍ റൈറ്റ് ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌സ്(സിഡിയു) ചെയര്‍മാന്‍ സ്ഥാനത്തേക്കു വീണ്ടും ശ്രമിക്കില്ലെന്നും പുതിയ നേതൃത്വത്തിനായി വഴിമാറുമെന്നും മെര്‍ക്കല്‍ നേരത്തെതന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ അധ്യായം ആരംഭിക്കാന്‍ സമയമായെന്നു തിങ്കളാഴ്ച പാര്‍ട്ടി ആസ്ഥാനത്തു മാധ്യമങ്ങളോടു സംസാരിക്കവെ മെര്‍ക്കല്‍ പറഞ്ഞു.
2005-ലാണ് മെര്‍ക്കല്‍ ആദ്യമായി ജര്‍മന്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2009, 2013, 2017 തെരഞ്ഞെടുപ്പുകളില്‍ ഭരണത്തുടര്‍ച്ച നേടി. 2013-നേക്കാള്‍ വന്‍തോതില്‍ വോട്ട് വിഹിതത്തില്‍ ഇടിവുണ്ടായെങ്കിലും 41.7 ശതമാനം വോട്ടോടെയാണ് 2017-ല്‍ മെര്‍ക്കലിന്റെ പാര്‍ട്ടി ഒന്നാമതെത്തിയത്.