പോളണ്ട് അതിർത്തിയിൽ നിന്നും ഒരു ഡസൻ മൈൽ അകലെയുള്ള നാറ്റോ പങ്കാളിത്തമുള്ള പരിശീലന കേന്ദ്രം റഷ്യ തവിടുപൊടിയാക്കിയതോടെ പരിഭ്രാന്തരായത് അമേരിക്കയും സഖ്യകക്ഷികളും. അമേരിക്കൻ പരിശീലകരെ അടക്കം കൊന്ന ഈ മിസൈൽ ആക്രമണം, നാറ്റോ സഖ്യത്തിന് റഷ്യ നൽകിയ വലിയ ഒരു മുന്നറിയിപ്പു കൂടിയാണ്.
ഇതാടെ, ഉക്രെയ്നിലേക്കുള്ള ആയുധ കയറ്റുമതിയുടെ വിശദാംശങ്ങൾ ഇനി വെളിപ്പെടുത്തില്ലെന്നാണ് ജർമ്മനി അറയിച്ചിരിക്കുന്നത്. ആയുധം കൊണ്ടുവരുന്ന വാഹനങ്ങളും ആക്രമിക്കുമെന്ന റഷ്യൻ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉക്രെയ്നിലേക്കുള്ള പാശ്ചാത്യ ആയുധ കയറ്റുമതിയെ “നിയമപരമായ ലക്ഷ്യങ്ങൾ” ആയി കണക്കാക്കുമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പുതിയ സാഹചര്യത്തിൽ, ഉക്രെയ്‌നിന് ഏതൊക്കെ ആയുധങ്ങളാണ് കൈമാറുന്നതെന്നോ “സുരക്ഷാ അപകടസാധ്യതകൾ എങ്ങനെ ഒഴിവാക്കാം” എന്നതോ ജർമ്മനി പറയില്ലെന്നതാണ് തീരുമാനം. സുരക്ഷാ കാരണങ്ങളാൽ എന്ന വ്യാജേന ജർമ്മൻ ഹൈവേകളിലെ ക്യാമറകളിൽ നിന്നുള്ള ലൈവ് ഫീഡുകളും, അധികൃതർ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്, ജർമ്മനി വിടുന്നതിന് മുമ്പ് ആയുധവാഹനങ്ങളെ റഷ്യ നിരീക്ഷിക്കുന്നതിൽ നിന്ന് തടയുന്നതിനു വേണ്ടിയാണിത്.
തുടക്കത്തിൽ ഉക്രെയ്‌നിന് ആയുധങ്ങൾ നൽകുന്നതിൽ വിമുഖത കാണിച്ച ജർമ്മനി, ഫെബ്രുവരി അവസാനത്തോടെയാണ് നിലപാട് മാറ്റിയിരുന്നത്. ഇത് അമേരിക്കൻ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് റിപ്പോർട്ടുകൾ.
ഉക്രെയ്‌നിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന നിരവധി നാറ്റോ രാജ്യങ്ങളിൽ പ്രധാനിയാണ് ജർമ്മനി, ഇതിനിടെ, ആയുധം കൊണ്ടുവരുന്ന പാതയും ആക്രമിക്കുമെന്ന റഷ്യൻ ഭീഷണിയെ തുടർന്ന് ഉക്രെയ്നിലേക്ക് ആയുധങ്ങൾ കൊണ്ടു പോകുന്നത് ഹംഗറി നിരോധിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽപ്പെട്ട ഈ രാജ്യത്തിൻ്റെ നിലപാട് നാറ്റോ സഖ്യത്തിന് വൻ തിരിച്ചടിയാണ്.