ജർമനി ആരാധകർക്ക് ഏറെ നിർണായകമായിരുന്ന ഇന്നത്തെ പോരാട്ടം സമനിലയിൽ അവസാനിച്ചു. സ്പാനിഷ് പാസിംഗ് കരുത്തിനെ പ്രതിരോധ മികവിൽ ജർമനി തളച്ചിട്ട മത്സരം ആവേശകരമായിരുന്നു. ആദ്യ മത്സരത്തിൽ ജപ്പാനോട് തോൽവി ഏറ്റുവാങ്ങിയ ജർമനിക്ക് ഇന്ന് സ്‌പെയിനെ സമനിലക്കുരുക്കിലാക്കാൻ കഴിഞ്ഞതിനാൽ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സജീവമായി. എങ്കിലും ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരം (ജർമ്മനി vs കോസ്റ്ററിക്ക ), (സ്‌പെയിൻ vs ജപ്പാൻ ) നിർണ്ണായകമായി മാറും.
ജീവന്മരണ പോരാട്ടത്തിൽ സ്‌പെയിന് നേർക്ക് ജർമനി കനത്ത പ്രതിരോധക്കോട്ടയാണ് കെട്ടിയത്. ഫുൾക്രഗിലൂടെയാണ് ജർമനി സമനില പിടിച്ചത്. സാനെയിൽ നിന്നുള്ള പാസിന് ശേഷം മുസിയാലയിൽ നിന്ന് പന്ത് ഏറ്റെടുത്ത് വലത് മൂലയിൽ നിന്നായിരുന്നു ഫുൾക്രഗിന്റെ പ്രൗഢമായ ഗോൾ. പഴയ രീതിയിലുള്ള സെന്റർ ഫോർവേഡ് പ്ലേയാണ് ജർമനിക്ക് ഇപ്പോൾ ആവശ്യമെന്ന് ഇന്നത്തെ കളി തെളിയിക്കുന്നുണ്ട്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോളുകളൊന്നും പിറക്കാത്ത ഒരു മണിക്കൂറിന് ശേഷം സൂപ്പർ സബ്ബായി സ്‌പെയിനിനെ മുന്നിലെത്തിച്ച് മൊറാട്ടയാണ്. ഇടതുവിങ്ങിൽ നിന്ന് ആൽബ എത്തിച്ച പന്തിനെയാണ് മൊറാട്ട ലക്ഷ്യത്തിലെത്തിച്ചത്.
ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും കളി ആവേശകരമായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ സ്‌പെയ്ൻ തങ്ങളുടെ സ്വതസിദ്ധമായ പാസിങ്ങുകളിലൂടെ മികവ് കാട്ടി. ആദ്യ പകുതിയുടെ 69 ശതമാനവും പന്ത് സ്‌പെയിനിന്റെ കൈവശം തന്നെയായിരുന്നു. എന്നാൽ ജർമനിയുടെ കടുത്ത പ്രതിരോധത്തിൽ ഒരു സ്പാനിഷ് ശ്രമങ്ങളും ഗോളുകളായില്ല.
ആദ്യ പകുതിയിൽ ജർമൻ ഗോൾമുഖം ലക്ഷ്യമാക്കി സ്‌പെയ്ൻ നാല് ഷോട്ടുകളും സ്‌പെയ്ൻ ഗോൾമുഖത്തേക്ക് ജർമനി മൂന്ന് ഷോട്ടുകളും പായിച്ചു. കളിയുടെ ഏഴാം മിനിറ്റിൽ ഡാനി ഒൽമോയുടെ ഷോട്ട് ന്യൂയറുടെ തന്ത്രപരമായ നീക്കത്തിനൊടുവിൽ ക്രോസ്ബാറിലും പോസ്റ്റിനുമിടയിൽ പത്ത് തട്ടിത്തെറിച്ച് കെട്ടടങ്ങി. 22-ാം മിനിറ്റിലെ ജോർഡി ആൽബേയുടെ അടുത്ത നീക്കം പക്ഷേ ഗോൾപോസ്റ്റിനെ വെറുതെ തൊട്ട് കടന്നുപോയി. 40-ാം മിനിറ്റിൽ ജർമനിയുടെ ആന്റോണിയോ റൂഡിഗറിന് വല വിറപ്പിക്കാനായി. എന്നാൽ അതും ഗോളായി മാറിയില്ല.