യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ജെയിൽ നിന്നു നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ജർമ്മനി ആ നേട്ടം ആഘോഷിക്കുക ആണ്. ഇന്ന് ലിക്റ്റൻസ്റ്റൈനെ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് ആണ് അവർ തകർത്തത്. എതിരാളികൾക്ക് മേൽ ഒരു ദയയും കാണിക്കാത്ത ജർമ്മൻ പട 81 ശതമാനം സമയം പന്ത് കൈവശം വക്കുകയും 42 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യ മിനിറ്റിനുള്ളിൽ തന്നെ ബോക്‌സിൽ ഗോർട്ടെസ്‌കെയെ വീഴ്ത്തിയ ഹോഫറിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ലിക്റ്റൻസ്റ്റൈൻ 10 പേരായി ചുരുങ്ങി. ഒപ്പം ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഗുണ്ടഗാൻ ജർമ്മൻ ഗോൾ അടിക്കു തുടക്കം കുറിച്ചു. തുടർന്ന് 20 മിനിറ്റ് മുതൽ നാലു മിനിറ്റിനുള്ളിൽ 3 ഗോളുകൾ കണ്ടത്തിയ ജർമ്മനി വലിയ ജയം ആദ്യം തന്നെ ഉറപ്പിച്ചു. 20 മത്തെ മിനിറ്റിൽ കോഫ്മാന്റെ സെൽഫ് ഗോൾ പിറന്നപ്പോൾ 22 മത്തെ മിനിറ്റിൽ ലിറോയ് സാനെയും 23 മത്തെ മിനിറ്റിൽ മാർകോ റൂയിസും ലക്ഷ്യം കണ്ടു.
തുടർന്ന് രണ്ടാം പകുതിയിലും ജർമ്മൻ ഗോളടി തന്നെയാണ് കാണാൻ ആയത്. 49 മത്തെ മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയ സാനെ ജർമ്മനിയുടെ അഞ്ചാം ഗോൾ അടിച്ചു. 76 മത്തെ മിനിറ്റിൽ തോമസ് മുള്ളറും 80 മത്തെ മിനിറ്റിൽ റിഡിൽ ബാകുവും ലക്ഷ്യം കണ്ടതോടെ ജർമ്മനി 7 ഗോളുകൾക്ക് മുന്നിലെത്തി. എന്നിട്ടും എതിരാളികളോട് ദയ കാണിക്കാൻ തയ്യാറാവാതിരുന്ന ജർമ്മനി 86 മത്തെ മിനിറ്റിൽ മുള്ളറിലൂടെ ഒരിക്കൽ കൂടി ഗോൾ വല ചലിപ്പിച്ചു. 89 മത്തെ മിനിറ്റിൽ മാക്‌സ്മില്യൻ ഗോപ്പലിന്റെ സെൽഫ് ഗോൾ കൂടിയായപ്പോൾ ജർമ്മനിയുടെ സംഹാര താണ്ഡവം അവസാനിക്കുക ആയിരുന്നു. സാനെ, മുള്ളർ എന്നിവർ രണ്ടു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ നേടിയ റൂയിസ് രണ്ടു അസിസ്റ്റുകളും മത്സരത്തിൽ നൽകി.