ബര്‍ലിന്‍: ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മനി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവില്‍ ബ്രിട്ടനിലെ ജര്‍മന്‍ പൗരന്‍മാര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ബ്രിട്ടനില്‍നിന്നെത്തിയവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഇത് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍വന്നു.
ശനിയാഴ്ച ബ്രിട്ടനില്‍ 90,418 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,059 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദമാണ്. ഇതോടെ, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള, യാത്രവിലക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ബ്രിട്ടനും ചേര്‍ന്നു. ഡെന്‍മാര്‍ക്, ഫ്രാന്‍സ്, നോര്‍വേ, ലബനാന്‍ എന്നിവയെയും ജര്‍മനി അതി ജാഗ്രതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവിടെനിന്നുള്ളവര്‍ക്കും യാത്ര നിയന്ത്രണമുണ്ട്. ജനുവരി മധ്യത്തോടെ യൂറോപ്പില്‍ ഒമിക്രോണ്‍ വ്യാപകമാവുമെന്ന് യൂറോപ്യന്‍ യൂനിയന്‍ മേധാവി ഉര്‍സുല വോണ്‍ ദേര്‍ ലിയന്‍ മുന്നറിയിപ്പു നല്‍കി