വാര്‍ഷിക വരുമാനം 2.5 ലക്ഷം നേടുന്നവര്‍ ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ തൊഴില്‍ദാതാവിന് നല്‍കാത്ത പക്ഷം കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്ന് മുന്നറിയിപ്പ്. പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കാത്ത എല്ലാ ജീവനക്കാരില്‍ നിന്നും 20 ശതമാനം ടിഡിഎസ് പിടിക്കാനാണ് ഇന്‍കം ടാക്‌സ് വകുപ്പ് തൊഴില്‍ദാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് തയ്യാര്‍ ചെയ്ത നിയമം ജനുവരി 16ന് പ്രാബല്യത്തില്‍ വന്നു. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ നേടുന്നവര്‍ക്ക് നിയമം ബാധകമാണ്. ടിഡിഎസ് പേയ്‌മെന്റുകളും, ഈ വിഭാഗം നേടുന്ന വരുമാനവും പരിശോധിക്കുന്നതിനാണ് നിയമം കര്‍ശനമാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തെ നേരിട്ടുള്ള ടാക്‌സ് വരുമാനത്തിന്റെ 37 ശതമാനവും ഈ വിഭാഗത്തില്‍ നിന്നാണ് ലഭിച്ചത്.
പാന്‍, ആധാര്‍ വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ആക്ട് അനുസരിച്ച് നിര്‍ബന്ധമായി നല്‍കിയിരിക്കണമെന്ന് സിബിഡിടി 86 പേജ് വരുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കി. വിവരങ്ങള്‍ നല്‍കാന്‍ ജീവനക്കാര്‍ പരാജയപ്പെട്ടാല്‍ തൊഴില്‍ദാതാവിന് ശമ്പളത്തിന്മേല്‍ ടാക്‌സ് നിരക്ക് പ്രകാരമോ, 20 ശതമാനമോ, അതിന് മുകളിലോ കിഴിയ്ക്കാം.
2.5 ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമാണെങ്കില്‍ ടാക്‌സ് അടയ്‌ക്കേണ്ടതില്ല. കിഴിവുകള്‍ക്ക് ശേഷവും 20 ശതമാനം ടാക്‌സ് വേണ്ടിവന്നാല്‍ 20 ശതമാനം ടിഡിഎസായി പിടിക്കാം.