കോവിഡ് പടരുമെന്ന് ഭയം; ഡോക്ടര്‍മാരെ വിലക്കി റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഭീതി പടര്‍ത്തി പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം ജീവന്‍ പണയം വെച്ചാണ് അവര്‍ നാടിനായി ഈ ത്യാഗം ചെയ്യുന്നത്. ഇങ്ങനെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതാണ്.

ഇപ്പോഴിതാ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും തിരികെ വീടുകളിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ് ചില റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍.കൊവിഡ് വൈറസ് പടരുമെന്ന ഭയത്താലാണ് കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രവേശിക്കുന്നതിന് വിലക്കി ചില സൊസൈറ്റികളും അപ്പാര്‍ട്ടുമെന്റുകളും സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഗാസിയാബാദിലെ നീല്‍പദം കുഞ്ച് റെസിഡന്‍ഷ്യല്‍ സൊസൈറ്റി പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ എയിംസ് റെസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ട്. സര്‍ക്കുലര്‍ പിന്‍വലിക്കാനും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന തങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ച് പോകാനുമുള്ള അവസരം ഒരുക്കണമെന്നും കത്തില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുന്നു.

കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലേയ്ക്കും ഹരിയാന അതിര്‍ത്തിയായ ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലേക്കും ആളുകളെ കടത്തിവിടുന്നതിന് കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാസിയാബാദിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പേരുപറഞ്ഞാണ് ഡോക്ടര്‍മാരെയും നഴ്സുമാരെയും വിലക്കി റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ രംഗത്ത് വന്നത്.

കൊറോണ വൈറസ് പടരുന്നതിനാല്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മടങ്ങിവരരുതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരോട് താല്‍ക്കാലികമായി അവിടെ തന്നെ കഴിയാനാണ് അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top