ന്യൂഡൽഹി: കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുടെ നേതാവുമായ ഗുലാം നബി ആസാദ്. പാർട്ടിയിലേക്ക് തിരിച്ചെത്തുന്നുവെന്ന എഎൻഐ വാർത്ത കണ്ട് താൻ ഞെട്ടിപ്പോയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ദൗർഭാഗ്യവശാൽ ചില കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഇത്തരം കഥകൾ മെനയുന്നുണ്ട്. ഇത് തന്റെ പാർട്ടിയിലെ നേതാക്കളുടേയും അനുഭാവികളുടെയും മനോവീര്യം തകർക്കാൻ വേണ്ടി മാത്രമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് ട്വിറ്ററിൽ കുറിച്ചു.
ചില കോൺഗ്രസ് നേതാക്കൾ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയെന്നും എഎൻഐ റിപ്പോർട്ടിലുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഗുലാം നബി ആസാദിനെ ദിഗ് വിജയ് സിംഗ് ക്ഷണിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. പാർട്ടിയിലേക്കുളള തിരിച്ചുവരവിനും യാത്രയിൽ പങ്കെടുക്കുന്നതിനും അദ്ദേഹത്തിനൊപ്പമുളള അഖിലേഷ് പ്രസാദ് സിംഗും, ഭൂപീന്ദർ സിംഗ് ഹൂഡയും വാദിച്ചു. ഹൈക്കമാൻഡിനും ഗുലാം നബി ആസാദിനുമിടയിലുളള വിടവ് നികത്താൻ മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
I am shocked to see the story filed by ANI correspondent about my rejoining in congress party. Unfortunately such stories are being planted by a section of leaders in the congress party right now and are doing this just to demoralise my leaders and supporters. 1/2
— Ghulam Nabi Azad (@ghulamnazad) December 30, 2022
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു ഗുലാം നബി ആസാദിന്റെ രാജി. ഗുലാം നബി ആസാദ് കശ്മീർ ആസ്ഥാനമാക്കി ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ എന്ന പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി പറഞ്ഞിരുന്നു.
ഈ അടുത്ത് ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’യിലെ പൊട്ടിത്തെറികൾ ഗുലാം നബി ആസാദിന് ക്ഷീണമുണ്ടാക്കി എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. പാർട്ടിയിൽ നിന്ന് മൂന്ന് പ്രധാന നേതാക്കളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും അടക്കം 126 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. താരാ ചന്ദ്, ഭല്‍വന്‍ സിങ്, ഡോ മനോഹര്‍ ലാല്‍ ശര്‍മ്മ എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നത്. ഈ നേതാക്കള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നായിരുന്നു പുറത്താക്കലിനുളള കാരണം.
ആസാദിനോടുള്ള ദീര്‍ഘകാലത്തെ ബന്ധത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തെറ്റായെന്ന് താരാ ചന്ദ് പറഞ്ഞിരുന്നു. താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ തന്നോടൊപ്പം വന്നത് 64 പേരാണെങ്കില്‍ പോവുമ്പോള്‍ 126 പേരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഗുണമാവുന്നതിന് വേണ്ടി മതേതര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരെ വിഭജിക്കുന്ന തരത്തിലാണ് ആസാദിന്റെ പ്രവര്‍ത്തനം. ബിജെപിയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതിന് പകരമാണ് ഇങ്ങനെ ചെയ്യുന്നതെന്നും താരചന്ദ് കുറ്റപ്പെടുത്തിയിരുന്നു.