ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയ നേതാക്കളില്‍ പ്രമുഖനായ ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു. മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. ഗുലാം നബി ആസാദ് പ്രവര്‍ത്തക സമിതിയില്‍ തുടരും.

വിമത ഗ്രൂപ്പിലെ മറ്റൊരു അംഗമായ ജിതിന്‍ പ്രസാദ വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. ജിതിന്‍ പ്രസാദയെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍ നിന്നും നീക്കി നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബംഗാളിലേക്ക് നിയമിച്ചു.

പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി. കോണ്‍ഗ്രസ് അധ്യക്ഷയെ സംഘടനാപരവും പ്രവര്‍ത്തനപരവുമായ കാര്യങ്ങളില്‍ സഹായിക്കേണ്ട ആറ് നേതാക്കളില്‍ മുകുള്‍ വാസ്‌നിക്കും ഇടം നേടിയിട്ടുണ്ട്.

എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, അംബിക സോണി, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് സമിതിയിലെ മറ്റ് നേതാക്കള്‍.

കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കളെയൊന്നും തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമായി. ബിഹാറില്‍ നിന്നുള്ള താരിഖ് അന്‍വറാണ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള പുതിയ എഐസിസി ജനറല്‍ സെക്രട്ടറി. മുകുള്‍ വാസ്‌നിക്കിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

Top