ഗുലാം നബി ആസാദ് നിയമനത്തിന് തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ചു

ഡല്‍ഹി: കോണ്‍ഗ്രസ് പുതിയ ദൗത്യം ഏല്‍പിച്ചതിന് പിന്നാലെ സ്ഥാനം രാജിവെച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് ഗുലാം നബി ആസാദ് രാജിവെച്ചത്. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി അകല്‍ച്ചയിലുള്ള ഗുലാം നബി ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും രാജിവച്ചു.

കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്ന് ഗുലാം നബിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഗുലാം നബി ആസാദിന്റെ അടുത്തയാളായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.

ജമ്മു കശ്മീരില്‍ സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് ഗുലാം അഹമ്മദ് മിറിന് പകരം വികാര്‍ റസൂല്‍ വന്നിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് പാര്‍ട്ടി നിയമിച്ചത്. ഒപ്പം പ്രചാരണ സമിതി, രാഷ്ട്രീകാര്യ സമിതി, അച്ചടക്ക സമിതി, തിരഞ്ഞെടുപ്പ് സമിതി തുടങ്ങിയവയ്ക്കും സോണിയ ഗാന്ധി രൂപം നല്‍കിയിരുന്നു.

 

Top