ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കഴിയുന്നതല്ലെന്ന് ഗുലാം നബി ആസാദ്. അത്തരം വാഗ്ദാനം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കശ്മീരിലെ ബാരാമുല്ലയില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുലാം നബി ആസാദ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് വിട്ട ശേഷം ജമ്മുവിൽ നടന്ന റാലിയിൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ആസാദ് മുന്നെ പറഞ്ഞിരുന്നു. ഈ വാഗ്ദാനത്തിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. 2019ലാണ് രണ്ടാം മോദി സർക്കാർ കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞത്.
അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനില്ല. സംസ്ഥാന പദവിയും ജനങ്ങള്‍ക്ക് നഷ്ടമായ ഭൂമിയും അവകാശങ്ങളും തിരിച്ചു പിടിക്കാന്‍ പിന്തുണ നൽകണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും ഗുലാം നബി വ്യക്തമാക്കി.
തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പേര് 10 ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കശ്മീരിന്റെ പ്രത്യേക പദവിക്കായി ഒരുമിച്ച് നില്‍ക്കാനും പദവി പുനഃസ്ഥാപിച്ചുകിട്ടാന്‍ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിട്ട ഗുലാംനബി ആസാദ് നിലപാട് വ്യക്തമാക്കിയത്.