ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാനൂറിലധികം സീറ്റുകള്‍ എന്ന ലക്ഷ്യം ബിജെപി നേടിയാല്‍ അതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യെ നയിക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടിക്കായിരിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാനുമായ ഗുലാം നബി ആസാദ്. കശ്മീരിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ഗുലാം നബി കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്. എന്റെ മുന്‍ഗാമികളായ പി.വി.നരസിംഹ റാവുവിനും ചൗധരി ചരണ്‍ സിങ്ങിനും ഭാരതരത്നം നല്‍കിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. രാജ്യത്തിനു നല്‍കിയ മികച്ച സംഭാവനകള്‍ക്ക് അവര്‍ ഈ ബഹുമതികള്‍ അര്‍ഹിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
”ബിജെപി 400 കടക്കുമോയെന്നു പറയാന്‍ ജ്യോതിഷിയല്ല ഞാന്‍. കോണ്‍ഗ്രസുമായോ ബിജെപിയുമായോ എനിക്ക് അടുപ്പമില്ല. കോണ്‍ഗ്രസ് അവര്‍ക്കു ഇഷ്ടമുള്ളത് പറയട്ടെ. എന്നെ സംബന്ധിച്ചിടത്തോളം, ബിജെപി എന്തെങ്കിലും തെറ്റു ചെയ്താല്‍ ഞാനാണ് ആദ്യം വിമര്‍ശിക്കുന്നത്. അതുപോലെ കോണ്‍ഗ്രസ് എന്തെങ്കിലും ശരി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കു ഞാന്‍ ക്രെഡിറ്റു നല്‍കും. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ഞാന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് മന്‍മോഹന്‍ സിങ്ങിനെ ധനമന്ത്രിയായി റാവു കൊണ്ടുവരുന്നത്. റാവുവും സിങ്ങും ചേര്‍ന്നുള്ള ഉദാരവല്‍ക്കരണ നയങ്ങള്‍ സമ്പദ്വ്യവസ്ഥയില്‍ വിപ്ലവം സൃഷ്ടിച്ചു, നമുക്ക് മുന്നില്‍ സഞ്ചരിക്കുന്ന പുറം ലോകവുമായി പൊരുത്തപ്പെട്ടു. വിമാന സര്‍വീസിലെ കുത്തക അവസാനിപ്പിക്കുന്നതായിരുന്നു ഉദാരവല്‍ക്കരണ നയം. റാവു സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവല്‍ക്കരണ നയമാണ് മോദി സര്‍ക്കാരും പിന്തുടരുന്നതെന്നും.” ഗുലാം നബി ആസാദ് പറഞ്ഞു.
പാക്കിസ്ഥാന്‍ രൂപീകരിച്ചതു മുതല്‍ ഇന്ത്യയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഉത്തരവാദി പാക്കിസ്ഥാന്‍ തന്നെയാണ്. സ്വാതന്ത്ര്യം ലഭിച്ചയുടന്‍ ആക്രമണം നടത്താനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്. ഇന്ത്യ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുപ്പു നടത്തുകയും പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോള്‍ പാക്കിസ്ഥാനു സ്വേച്ഛാധിപത്യം ആയിരുന്നു മുഖമുദ്ര. സൈന്യമാണ് അവിടെ സര്‍ക്കാരുകളെ ഭരിക്കുന്നത്. ആരു ജയിക്കണമെന്നോ തോല്‍ക്കണമെന്നോ തീരുമാനിക്കുന്നതു സൈന്യമാണ്. സൈന്യത്തിന്റെ കാരുണ്യത്തിലാണു ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.