കോണ്‍ഗ്രസിലെ പുതിയ തലമുറ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ പുതിയ തലമുറ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടി നേതാക്കള്‍ പുതിയ നിര്‍ദേശം മുന്നോട്ട് വെക്കുമ്പോള്‍ അതിനെ ഒരു കുറ്റകൃത്യമായിട്ടാണ് കാണുന്നതെന്ന് ആസാദ് വിമര്‍ശിച്ചു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് ഒരു വെല്ലുവിളിയായി കാണേണ്ടതില്ലെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം.

പാര്‍ട്ടി ഇടക്കാല അധ്യക്ഷയായ സോണിയാഗാന്ധിയുമായി നല്ല ബന്ധം തുടരുന്നുണ്ടെന്നും എന്നാല്‍ പുതിയ തലമുറ മുതിര്‍ന്ന നേതാക്കളെ കേള്‍ക്കുന്നില്ലെന്നും ഗുലാം നബി ആസാദ് ആവര്‍ത്തിച്ചു.

‘നമ്മുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് വേദനയുണ്ടാക്കുന്നു. പാര്‍ട്ടിയുടെ എല്ലാതലത്തിലുമുള്ള പുരോഗതിക്ക് വേണ്ടിയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഞങ്ങളാരും പാര്‍ട്ടിയില്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’ ഗുലാം നബി ആസാദ് പറഞ്ഞു. ഭരണകക്ഷി ശക്തവും പ്രതിപക്ഷം ദുര്‍ബലവുമായ സമയമാണിതെന്നും ദുര്‍ബലമായ പ്രതിപക്ഷം ഭരണകക്ഷിക്ക് ഗുണം ചെയ്യുമെന്നും ഗുലാം നബി ആസാദ് ചൂണ്ടികാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 300 സീറ്റ് തികച്ചു നേടില്ലെന്ന തന്റെ മുന്‍ പരാമര്‍ശത്തിലും ഗുലാം നബി ആസാദ് വ്യക്തത നല്‍കി. ഇന്ദിരാഗാന്ധിയുടേയും നരസിംഹ റാവുവിന്റേയും കാലത്താണ് പാര്‍ട്ടി 300 നും 250 നും സീറ്റിന് മുകളില്‍ നേടിയത്. കുറച്ച് ദശാബ്ദങ്ങളായി അങ്ങനെയല്ല. അത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേയെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

Top