സൂര്യനിൽ ഭീമൻ സൗരകളങ്കങ്ങൾ. സൗരോപരിതലത്തിൽ വീണ്ടും അതിഭീമൻ സൗരകളങ്കങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സൗരാപരിതലത്തിൽ, ഒറ്റയായോ കൂട്ടായോ പ്രത്യക്ഷപ്പെടുന്ന ഇരുണ്ട നിറത്തോടുകൂടിയ അടയാളങ്ങളാണ് സൂര്യകളങ്കങ്ങൾ അഥവാ സൺസ്പോട്ടുകൾ. ഇപ്പോൾ നന്നായി കാണപ്പെടുന്ന ‘AR 33 15’ എന്ന കളങ്കത്തിനു ഭൂമിയുടെ നാലുമടങ്ങെങ്കിലും വലുപ്പം കാണും. ഇതു വെറും കണ്ണു കൊണ്ടു തന്നെ കാണാമെങ്കിലും അങ്ങനെ സൂര്യനെ നോക്കുന്നത് അപകടമാണ്.
വെറും കണ്ണായാലും ഉപകരണങ്ങളായാലും അനുയോജ്യമായ സൗരഫിൽട്ടർ ഉപയോഗിച്ചു മാത്രമേ സൂര്യനെ നോക്കാവൂ. അല്ലെങ്കിൽ പ്രൊജക്‌ഷൻ രീതിയിൽ സൂര്യന്റെ പ്രതിബിംബം ഒരു ചുവരിൽ പതിപ്പിച്ചും ഈ കളങ്കങ്ങൾ കാണാം. സാധാരണഗതിയിൽ ഓരോ 11 വർഷത്തിലും സൗരകളങ്കങ്ങൾ വർധിച്ചു വരുന്നതായി കാണാം. അവ വിവിധ സൈക്കിളുകൾ ആയാണ് അറിയപ്പെടുന്നത്. ഇപ്പോഴത്തേത് സോളർ സൈക്കിൾ 25 ആണ്. ഇതിന്റെ മാക്സിമം 2025ൽ ആണ്.
സൗരോപരിതലത്തിൽ സമീപപ്രദേശങ്ങളെക്കാൾ അൽപം ഇരുണ്ടതും ചൂടു കുറഞ്ഞതുമായ ഭാഗങ്ങളാണ് ഇങ്ങനെ സൂര്യ കളങ്കങ്ങളായി അറിയപ്പെടുന്നത്. സൗരോപരിതലത്തിലെ ചില കാന്തമണ്ഡലച്ചുഴികളാണ് ഈ കളങ്കങ്ങളുടെ രൂപീകരണത്തിലേക്കു നയിക്കുന്നത് എന്നു പറയപ്പെടുന്നു. ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഈ കളങ്കങ്ങൾക്കുള്ള പ്രാധാന്യം ശാസ്ത്രലോകം പഠിച്ചുവരുന്നതേയുള്ളൂ.
ഇത്തരം വേളകളിൽ സൂര്യനിൽനിന്നും പ്രവഹിക്കുന്ന സൗരജ്വാലകൾ ചാർജിതകണങ്ങളുടെ ഒരു സമാഹാരമായിരിക്കും. ഇവ ഭൗമ കാന്തമണ്ഡലവും ഭൗമാന്തരീക്ഷവുമായി പ്രവർത്തിച്ച് വർണസുന്ദരമായ ധ്രുവദീപ്തികൾ അഥവാ അറോറകൾ ഉണ്ടാവാറുണ്ട്. വാർത്താവിനിമയ ഉപഗ്രഹങ്ങൾക്കു സാരമായ കേടുവരുത്താൻ ഈ സൗരകണങ്ങൾക്കു കഴിയും. വൈദ്യുത ലൈനുകളെ തകരാറിലാക്കാനും ഇവ കാരണമാകും.