പത്തനംതിട്ട : ചിറ്റാറില്‍ ആകാശത്തൊട്ടില്‍ അപകടമുണ്ടായ കാര്‍ണിവല്‍ നടത്തിയത് അനുമതിയില്ലാതെ. ആകാശത്തൊട്ടിലിന്റെ പ്രവര്‍ത്തനത്തിനുവേണ്ട സുരക്ഷാ സംവിധാനം ഉറപ്പാക്കിയിരുന്നില്ല.
പഞ്ചായത്തിന്റെയും അഗ്നിശമനസേനയുടെയും അനുമതി ലഭിച്ചിരുന്നില്ലെന്നും കണ്ടെത്തി. ആകാശത്തൊട്ടില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന രണ്ടു പേരെ ചിറ്റാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 11 കെവി വൈദ്യുതി ലൈനിനു തൊട്ടടുത്തായിരുന്നു ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ചത്.
ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ അഞ്ചുവയസുകാരനായ അലന്‍ കെ.സജിയാണ് മരിച്ചത്. സഹോദരിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചിറ്റാറില്‍ ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് വസന്തോത്സവം-ഓണപ്പൂരം എന്ന പേരില്‍ ഗ്രീന്‍ ഇവന്റ്‌സ് നടത്തിവന്ന മേളയുടെ ഭാഗമായി സ്ഥാപിച്ച 20 അടിയോളം ഉയരത്തില്‍ കറങ്ങുന്ന യന്ത്രത്തൊട്ടിലില്‍ നിന്നാണു കുട്ടികള്‍ വീണത്.
മാതാപിതാക്കളുടെ കണ്‍മുന്നിലായിരുന്നു അപകടം. അലന്റെ സഹോദരി നിമ്മി മറ്റൊരു ഊഞ്ഞാലില്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ചിറ്റാര്‍ പൊലീസ് മേള നിര്‍ത്തിവയ്പ്പിച്ചിരുന്നു.