ചിറ്റാര്‍: പത്തനംതിട്ട ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് നടത്തിയ കാര്‍ണിവലിലെ ജയന്റ് വീലില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു.
ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക(14) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പ്രയങ്ക. പ്രിയങ്കയുടെ സഹോദരന്‍ അലന്‍(5) സംഭവദിവസം തന്നെ മരണമടഞ്ഞു.
സെപ്തംബര്‍ എട്ട് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലില്‍ നിന്ന് അലന്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ പ്രിയങ്കയും വീണു.
കുട്ടികള്‍ റൈഡില്‍ തന്നെ തലയടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം മാതാപിതാക്കളും മൈതാനത്തുണ്ടായിരുന്നു. ഓടിക്കൂടിയവരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കാര്‍ണിവലില്‍ റൈഡുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രാദേശികതലത്തിലുള്ള അധികൃതരെ സ്വാധീനിച്ച് സംഘടിപ്പിച്ച മേള ആവശ്യമായ അനുമതികള്‍ ഇല്ലാതെയാണ് നടന്നുവന്നത്.