സെനിക നടപടി കഴിയുമ്പോള്‍ ഗാസയുടെ വിസ്തൃതി കുറയുമെന്ന് ഇസ്രയേല്‍ മന്ത്രി ഗിഡിയോണ്‍ സാര്‍

ടെല്‍ അവീവ്: ഗാസയുടെ വിസ്തൃതി കുറയുമെന്ന് ഇസ്രയേല്‍. സൈനിക നടപടി പൂര്‍ത്തിയാകുമ്പോള്‍ ഗാസയുടെ വിസ്തൃതി കുറയുമെന്ന് ഇസ്രയേല്‍ മന്ത്രി ഗിഡിയോണ്‍ സാര്‍ ആണ് വ്യക്തമാക്കിയത്. ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കും. അവിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഗാസക്കെതിരെ ഇസ്രയേല്‍ ത്രിതല ആക്രമണം പ്രഖ്യാപിച്ചിട്ടുണ്ട്.

കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ആക്രമണം നടത്തുമെന്നും വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇസ്രയേലിപ്പോള്‍. ആയിരക്കണക്കിന് ഇസ്രയേല്‍ സൈന്യം ഗാസ അതിര്‍ത്ഥിയില്‍ കഴിഞ്ഞ നാലു ദിവസമായി തമ്പടിച്ചിരിക്കുകയാണ്.

അതേസമയം, ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിച്ചു.കര വഴിയുള്ള സൈനിക നടപടി ഉടനെന്ന സൂചന നല്‍കി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്തു. അടുത്ത ഘട്ടം ഉടന്‍ എന്നാണ് സൈനികരോട് നെതന്യാഹു പറഞ്ഞത്. സൈനികര്‍ തയ്യാറാണോയെന്ന് ചോദിച്ചശേഷമാണ് അടുത്ത ഘട്ടം ഉടന്‍ എന്ന രീതിയില്‍ നെതന്യാഹു മറുപടി നല്‍കിയത്. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ബെഞ്ചമിന്‍ നെതന്യാഹു എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.

 

Top