എട്ടുവയസ്സുകാരിയോട് മാതാപിതാക്കളുടെ ക്രൂരത ; മരത്തിൽ കെട്ടിയിട്ടു

ന്യൂഡൽഹി∙ ഡൽഹിയിൽ എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ മാതാപിതാക്കൾ മരത്തിൽ കെട്ടിയിട്ടു.

ഡൽഹി മെട്രോ സ്റ്റേഷനു സമീപം മരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ വനിതാ കമ്മിഷൻ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച രാത്രിയാണു സംഭവം. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി.

പെൺകുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണ് മരത്തിൽ കെട്ടിയിട്ടതെന്നും മാതാപിതാക്കൾ പറഞ്ഞു.

മെട്രോ സ്റ്റേഷനു സമീപമാണു പതിനൊന്നംഗ കുടുംബം താമസിക്കുന്നത്. ഒൻപതു കുട്ടികളടക്കം 11 പേരാണ് അവിടെയുള്ളത്.

മദ്യപാനിയായ പിതാവ് ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത ഇവരുടെ മറ്റു രണ്ടു കുട്ടികൾ ഭിക്ഷാടനം നടത്തുന്നതായും വനിതാ കമ്മിഷൻ കണ്ടെത്തി.

പൊലീസിന്റെ സഹായത്തോടെ കുടുംബത്തോടു സംസാരിക്കുകയും കൗൺസിലിങ് നടത്തുകയും ചെയ്ത കമ്മിഷൻ കുട്ടികളെ ഷെൽട്ടർ ഹോമിലേക്കു മാറ്റി.

ഭിക്ഷാടനത്തിന് ശേഷം നടപ്പാതകളിലാണ് കിടന്നുറങ്ങുന്നത് എന്ന് കുട്ടികൾ കമ്മിഷനെ അറിയിച്ചു.

Top