ബെംഗളൂരു: പുതുവര്‍ഷ രാത്രിയില്‍ ബെംഗളൂരുവില്‍ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്.
ജനുവരി ഒന്നിന് പുലര്‍ച്ചെ രണ്ടരയ്ക്ക് ശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക് വരികയായിരുന്ന യുവതിയെ സ്‌കൂട്ടറില്‍ എത്തിയ രണ്ട് പേര്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ദേശീയമാധ്യമങ്ങളും എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പുലര്‍ച്ചെ 2.40 ന് ഈസ്റ്റ് ബെംഗളൂരുവിലെ കമ്മനഹള്ളിയിലെ വിജനമായ റോഡിലാണ് സംഭവം നടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്.
ഓട്ടോയില്‍ ഇവിടെ വന്നിറങ്ങിയ യുവതിക്ക് പിന്നാലെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി ലൈംഗീക അതിക്രമം നടത്തുകയായിരുന്നു.
റോഡിന് കുറച്ച് അപ്പുറത്ത് നിന്ന് മറ്റുള്ളവര്‍ സംഭവം നോക്കിനില്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം. റോഡിന് അടുത്തുള്ള വീട്ടിലെ സി.സി.ടി.വി യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞതെന്നാണ് സൂചന.
അതേസമയം പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഡിസംബര്‍ 31ന് അര്‍ധരാത്രി ബെംഗളൂരു എംജി റോഡില്‍ 1500ഓളം പൊലീസുകാരുടെ സാന്നിധ്യത്തില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയത് വലിയ വിവാദമായിരുന്നു. നിരവധി സ്ത്രീകളാണ് പുതുവത്സരാഘോഷത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായത്.
ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനയും വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ച് വസ്ത്രം ധരിച്ചാല്‍ ഇത്തരത്തിലുള്ളവ സംഭവിക്കും എന്നായിരുന്നു ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞത്.
ഇതിനിടെയാണ് നഗരത്തില്‍ അതേദിവസം തന്നെ എംജി റോഡില്‍ നിന്ന് ഏറെ അകലെയല്ലാത്ത റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടന്ന മറ്റൊരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
പുതുവത്സരദിനത്തിലെ കൂട്ട ലൈംഗിക അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ എംജി റോഡില്‍ സ്ഥാപിച്ച നാല്‍പത്തഞ്ചോളം സിസിടിവി ക്യാമറാദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നുണ്ട്. സാക്ഷിമൊഴികള്‍ ശേഖരിച്ച് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ് പറഞ്ഞു
https://youtu.be/z6pCrVEaV8Ehttps://youtu.be/z6pCrVEaV8E