ആലപ്പുഴയില്‍ പന്ത്രണ്ടുകാരിയുടെ ആത്മഹത്യ; അമ്മ അറസ്റ്റില്‍

ആലപ്പുഴ: കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ പന്ത്രണ്ട് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുട്ടിയുടെ അമ്മ അശ്വതിയെ (33) തൃക്കുന്നപുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് ഹര്‍ഷ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റു എന്നതിന്റെ തെളിവെന്നും പൊലീസ് പറഞ്ഞു.ഈ മാസം 14നാണ് കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹര്‍ഷ. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാര്‍ നേരത്തെ ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നല്‍കിയിരുന്നു.

കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. പലതവണ വീട്ടില്‍ നിന്നും കുട്ടിയെ ഉപദ്രവിക്കുന്ന ശബ്ദം കേട്ടിട്ടുണ്ട്. കുട്ടി മരിക്കുന്നതിന് തലേദിവസവും രാത്രിയില്‍ ശബ്ദം കേട്ടു. രാവിലെ തൂങ്ങിയ നിലയില്‍ കണ്ട കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകും മുമ്പും അമ്മയുടെ സ്വഭാവത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Top