പ്രായമായ പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിയ്ക്കാം, മതം മാറാം; കോടതി

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിയ്ക്കുന്നതിലോ മതം മാറുന്നതിലോ ആര്‍ക്കും ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത ഹൈക്കോടതി. മകളെ ഇതര മതസ്ഥനായ ഒരാള്‍ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. പരാതിയ്ക്ക് പിന്നാലെ പത്തൊന്‍പതുകാരിയായ യുവതിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഇവര്‍ മജിസ്ട്രേറ്റിന് മൊഴിയും നല്‍കി. എന്നാല്‍ ഇതിന് ശേഷവും അച്ഛന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴി നല്‍കുമ്പോള്‍ മകള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന സാഹചര്യമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അച്ഛന്റെ ഹര്‍ജി. ഈ ഹര്‍ജി പരിഗണിക്കവേയാണ് പെണ്‍കുട്ടിയ്ക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്നും ഉണ്ടായത്. ജസ്റ്റിസുമാരായ സന്‍ജീബ് ബാനര്‍ജി, അരിജിത് ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

അതേസമയം അച്ഛന്റെ പരാതി പരിഗണിച്ച് ഏറ്റവും മുതിര്‍ന്ന അഡീഷണല്‍ ജില്ലാ ജഡ്ജിന് മുന്‍പില്‍ ഒരിക്കല്‍ കൂടി മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടി മൊഴി നല്‍കുന്ന സമയത്ത് ഭര്‍ത്താവും അച്ഛനുമടക്കമുള്ള ആരും തന്നെ പെണ്‍കുട്ടിയോടൊപ്പം ഉണ്ടാകരുതെന്നും ഭീഷണിക്കോ പ്രലോഭനത്തിനോ ഉള്ള ഒരു സാധ്യതയും ഇല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Top