അബുദാബി: യുഎഇയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍നിന്നും നിലത്തുവീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പാര്‍ക്കിന് 80,000 ദിര്‍ഹം(15 ലക്ഷം രൂപയോളം) പിഴചുമത്തി. അബുദാബി പ്രാഥമിക കോടതിയാണ് പിഴ ചുമത്തിയത്. കുട്ടികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരന് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. മറ്റ് മൂന്ന് ജീവനക്കാര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളോട് നഷ്ടപരിഹാരം തേടി സിവില്‍ കേസ് ഫയല്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു.
പാര്‍ക്കിലെ ഒരു റൈഡില്‍ കളിക്കുന്നതിനിടെ ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടിയാണ് ആറ് മീറ്ററോളം ഉയരത്തില്‍ നിന്ന് താഴെ വീണത്. പിന്‍ഭാഗത്തിനും കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്കേറ്റത്. അപകടവിവരം രക്ഷിതാക്കളും പാര്‍ക്ക് അധികൃതരും അറിയിച്ചതനുസരിച്ച് പൊലീസും ആംബുലന്‍സ് സംഘവുമെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് പിഴവ് പറ്റിയതാണെന്നു വ്യക്തമായി. സുരക്ഷാ ബെല്‍റ്റ് ധരിപ്പിക്കാതെയാണ് കുട്ടികളെ റൈഡില്‍ ഇരുത്തിയത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നും വ്യക്തമായി. ഇതേതുടര്‍ന്നാണ് കോടതി പിഴയും ശിക്ഷയും വിധിച്ചത്.