ഹരിയാനയില്‍ മറ്റൊരു നിര്‍ഭയ കൂടി; പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വെള്ളക്കെട്ടില്‍ തള്ളി

rape

ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ കുരുക്ഷേത്രയില്‍ മറ്റൊരു നിര്‍ഭയ കൂടി. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കുകയും കൊലപ്പെടുത്തിയ ശേഷം കനാലിലെ വെള്ളക്കെട്ടില്‍ തള്ളുകയും ചെയ്തതായാണ് റിപ്പോര്‍ട്ട് .

ജനുവരി ഒമ്പത് മുതല്‍ കുരുക്ഷേത്രയില്‍ നിന്നും ഈ പെണ്‍കുട്ടിയെ കാണാതായതായി കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി പത്തിനാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്. കുരുക്ഷേത്ര പൊലീസ് കേസെടുത്തു.

കഴിഞ്ഞ വെളളിയാഴ്ചയാണ് ജിന്ദ് ജില്ലയിലെ ഗ്രാമത്തിലെ വെള്ളക്കെട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അര്‍ദ്ധ നഗ്നയായാണ് പെണ്‍കുട്ടിയുടെ ശരീരം ലഭിച്ചത്. തുടര്‍ന്ന് ശനിയാഴ്ച പിജിഐഎംഎസിലേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയ്ക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ 19-തോളം മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം നടത്തിയ റോത്തക് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ എസ്.കെദത്തര്‍വാല്‍ അറിയിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയേറിയ വസ്തു തള്ളികയറ്റാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തല,നെഞ്ച്, ശ്വസകോശം, മുഖം, കൈകള്‍ എല്ലാം തകര്‍ന്ന നിലയാലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലേറെ പേര്‍ കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും, കുട്ടി മരിച്ചതിനു ശേഷമാവാം വെള്ളത്തില്‍ കൊണ്ടിട്ടതെന്നും ഡോക്ടര്‍ സൂചിപ്പിച്ചു. അതിനാല്‍ തെളിവുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും, എങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അനന്തര തെളിവുകളും പൊലീസിന് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഗ്രാമമുഖ്യന്റെ പരാതിയില്‍ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പൊലീസ് കേസെടുത്തു.

അതേ സമയം, പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നും കാണാതായ ഒരു ആണ്‍കുട്ടിയെ ഈ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജനുവരി ഒമ്പത് മുതല്‍ ഈ യുവാവിനെയും കാണാനില്ല എന്നതാണ് സംശയത്തിന് പ്രധാന കാരണം.

എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി എസ് പി സുനില്‍ കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി ധരിച്ച മാലയിലെ ലോക്കറ്റിലുണ്ടായിരുന്ന ഫൊട്ടോയാണ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. 250 ഓളം പൊലീസുകാര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും അന്വേഷണത്തെ സഹായിക്കുന്നതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല.

Top