ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർത്ഥിയെ അജ്ഞാതൻ വഴിയിൽ തടഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ കുട്ടിയെ വഴിയിൽ കാത്തുനിന്നയാൾ കടന്നുപിടിച്ചെന്നാണ് പരാതി. സംഭവത്തിൽ ഐ.ഐ.ടി. അധികൃതർ അന്വേഷണം തുടങ്ങിയെങ്കിലും പൊലീസിന് പരാതി നൽകിയിട്ടില്ല.
ക്ലാസ് കഴിഞ്ഞ് സൈക്കിളിൽ ഹോസ്റ്റലിലേക്ക് മടങ്ങുന്ന സമയത്ത് മദ്രാസ് ഐഐടിയിലെ പുതിയ അക്കാദമിക്ക് ബ്ലോക്കിനും ആശുപത്രിക്കും ഇടയിലുള്ള റോഡിൽ കാത്തുനിന്നയാൾ കുട്ടിയെ ആക്രമിച്ചെന്നാണ് പരാതി. നിർമാണത്തൊഴിലാളി എന്ന് തോന്നിക്കുന്നയാൾ സൈക്കിളിൽ നിന്ന് കുട്ടിയെ തള്ളിത്താഴെയിട്ടശേഷം കടന്നുപിടിക്കുകയായിരുന്നു. ചെറുത്തുനിന്ന കുട്ടി ചോരയൊലിക്കുന്ന മുറിവുകളുമായി പേടിച്ചരണ്ടാണ് ഹോസ്റ്റലിൽ എത്തിയത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയുടെ സുഹൃത്ത് അധികൃതർക്ക് ഇ മെയിൽ മുഖാന്തരം പരാതി നൽകുകയായിരുന്നു.
പരാതി കിട്ടിയ ഉടനെ അന്വേഷണം തുടങ്ങിയെന്നാണ് ഐഐടിയുടെ വിശദീകരണം. സിസിടിവി ക്യാമറ ഫൂട്ടേജുകൾ പരിശോധിച്ചെങ്കിലും അക്രമിച്ചയാളെ കണ്ടെത്താനായില്ല. രാത്രി ജോലിയിൽ ഉണ്ടായിരുന്ന തൊഴിലാളികളെ തിരിച്ചറിയൽ പരേഡിന് വിധേയയാക്കി. കാമ്പസിലും പരിസരത്തും ജോലി ചെയ്ത 300ൽ ഏറെ നിർമാണ തൊഴിലാളികളുടെ ഫോട്ടോകളും കുട്ടിയെ കാണിച്ചു. കുട്ടിയുടെ പരാതി ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. പൊലീസിന് പരാതി നൽകാൻ ആക്രമണത്തിന് ഇരയായ കുട്ടിക്ക് താൽപ്പര്യമില്ല എന്നാണ് അധികൃതരുടെ വിശദീകരണം.